പേരുപോലെതന്നെയാണ് പുരാനാ കില എന്ന ഡല്‍ഹിയിലെ പഴയ കോട്ടയുടെ സൗന്ദര്യം. അര നൂറ്റാണ്ടുമുമ്പ് പണിതുയര്‍ത്തിയ പ്രൗഢഗംഭീരമായ കോട്ടയ്ക്ക് കാലം വിള്ളലുകള്‍ വീഴ്ത്തിയിട്ടുണ്ടെങ്കിലും ഭംഗിക്കു കുറവൊന്നുമില്ല. ഒരര്‍ഥത്തില്‍ കോട്ടമതിലിന്റെ തകര്‍ന്ന ഏടുകള്‍ തന്നെയാണ് അതിന്റെ മനോഹാരിത കൂട്ടുന്നതും. ഡല്‍ഹിയുടെ ആധുനിക ചരിത്രത്തിലും സഞ്ചാരഭൂപടത്തിലും ചെങ്കോട്ട എന്ന ചുവപ്പു പുതച്ച ഐതിഹാസിക നിര്‍മിതിയാണ് തലസ്ഥാനത്തിന്റെ ഹൃദയഭാഗത്തു തലയുയര്‍ത്തി നില്ക്കുന്നതെങ്കിലും കാലത്തിലും ജനപ്രീതിയിലും പിന്നിലായിപ്പോയ പുരാനാ കിലയും സമയത്തെ അതിജീവിച്ചു ഡല്‍ഹി- മഥുര റോഡില്‍ കാഴ്ചയായുണ്ട്.
1533നും 1545നുമിടെ രണ്ടു ചക്രവര്‍ത്തിമാരുടെ കീഴില്‍ പണി പൂര്‍ത്തിയാക്കിയ പുരാനാ കില മധ്യകാലഘട്ടത്തില്‍ പണിതുയര്‍ത്തിയ ഏറ്റവും പ്രധാന നിര്‍മിതികളിലൊന്നാണ്. മുഗള്‍ ചക്രവര്‍ത്തി ഹുമയൂണ്‍ തുടക്കമിട്ട കോട്ടയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത് ഹുമയൂണിനെ തോല്പിച്ച് ഡല്‍ഹിയില്‍ സൂര് സാമ്രാജ്യം സ്ഥാപിച്ച ഷേര്‍ ഷാ സൂരിയാണ്. കലയെയും വാസ്തുവിദ്യയെയും ആഴത്തില്‍ പ്രണയിച്ച ഹുമയൂണിന്റെ സൃഷ്ടിപരതയും, ഇന്ത്യയിലെ മുഗള്‍ സാമ്രാജ്യത്തെ തോല്പിച്ച ഷേര്‍ ഷാ സൂരിയുടെ അധികാര സ്മാരകങ്ങളും പുരാനാ കിലയില്‍ കാണാം.
കഥകളും കാഴ്ചകളും
പുരാനാ കിലയിലെത്തുന്ന സഞ്ചാരിയെ ആദ്യം കാത്തിരിക്കുന്നതു ചുവന്ന മണല്‍ക്കല്ലില്‍ പണിതുയര്‍ത്തിയ ബഡാ ദര്‍വാസ എന്ന രണ്ടു നിലകളുള്ള കോട്ടവാതിലാണ്. കോട്ട മതിലിന്റെ പല ഭാഗങ്ങളിലും ശൂന്യതകളുണ്ടായിട്ടുണ്ടെങ്കിലും വലിയ വാതില്‍ എന്നര്‍ഥം വരുന്ന ബഡാ ദര്‍വാസ അഞ്ഞൂറ് വര്‍ഷങ്ങള്‍ക്കുശേഷവും പ്രൗഢിയോടെ നിലനില്ക്കുന്നു. മുഗള്‍ വാസ്തുവിദ്യയുടെ സൗന്ദര്യം നിറഞ്ഞുനില്ക്കുന്ന ഈ കവാടം കടന്നു കഴിഞ്ഞാലാണ് കോട്ടയുടെ ഉള്ളിലുള്ള സൗന്ദര്യം കൂടുതല്‍ മിഴി തുറക്കുക.
ചുമരുകളിലും കവാടങ്ങളിലും അസാമാന്യമായതും സങ്കീര്‍ണവുമായ വാസ്തുവിദ്യാ കലാവിരുത് പ്രദര്‍ശിപ്പിക്കുന്ന കില-ഇ-കുഹ്ന മോസ്ക് തന്നെയായിരിക്കണം പുരാനാ കിലയില്‍ അതേപടി നിലനില്‍ക്കുന്ന ഏറ്റവും സുന്ദരമായ നിര്‍മിതി. അര നൂറ്റാണ്ട് പിന്നിട്ടിട്ടും സൗന്ദര്യത്തിന് അല്പംപോലും കോട്ടം തട്ടാത്ത ഇകുഹ്ന മോസ്ക് ഷേര്‍ ഷാ സൂരി പണികഴിപ്പിച്ചതാണ്.
വെള്ളയും കറുപ്പും നിറമുള്ള മാര്‍ബിളുകളിലും കടുത്ത ചുവപ്പ് നിറമുള്ള മണല്‍ക്കല്ലിലും പണിത മോസ്കിന്റെ മുന്‍വശത്ത് കുതിരലാടത്തിന്റെ ആകൃതിയിലുള്ള അഞ്ച് മനോഹര കമാന വാതിലുകളുണ്ട്. മോസ്കിനു താഴെ ഒരു കാലത്ത് ഒളിഞ്ഞിരുന്ന ഭൂഗര്‍ഭ അറകളും പുരാനാ കില എന്ന ടൂറിസ്റ്റ് ഡെസ്റ്റിനേഷന്റെ മാറ്റ് കൂട്ടുന്നു. പലയിടങ്ങളിലായി കൂട്ടിമുട്ടുന്ന ഈ അറകളുടെ യഥാര്‍ഥ ഉദ്ദേശ്യം വ്യക്തമല്ലെങ്കിലും ഭരണാധികാരികള്‍ യുദ്ധാനന്തരം രക്ഷപ്പെടാൻ ഉപയോഗിച്ചിരുന്നതാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.
ഹുമയൂണ്‍ ഒരിക്കല്‍ ലൈബ്രറിയായി ഉപയോഗിച്ചിരുന്ന മറ്റൊരു പ്രധാന നിര്‍മിതിയായ ഷേര്‍ മണ്ഡലാകട്ടെ അദ്ദേഹത്തിന്റെ മരണത്തിനു കാരണമായെന്നാണ് പറയപ്പെടുന്നത്. സൂര് സാമ്രാജ്യത്തില്‍നിന്നു ഡല്‍ഹി തിരിച്ചുപിടിച്ചശേഷം ഹുമയൂണ്‍ വായനയ്ക്കും ഒഴിവുസമയം ചെലവഴിക്കാനും ഷേര്‍ മണ്ഡല് ഉപയോഗിച്ചിരുന്നു. ഇരു നിലയുള്ള ഈ നിര്‍മിതിയുടെ പടികളിറങ്ങവേ ഹുമയൂണ്‍ വീണു മരിച്ചുവെന്നാണ് കഥ.
ബഡാ ദര്‍വാസയെ കൂടാതെ മറ്റൊരു പ്രധാന കവാടമായ തലാഖി ദര്‍വാസയെ ചുറ്റിപ്പറ്റിയും കഥകളുണ്ട്. തലാഖി ദര്‍വാസ എന്ന വാക്കിന് യോഗം കൂടുന്ന കവാടമെന്നാണ് അര്‍ഥമെങ്കിലും വിലക്കപ്പെട്ട കവാടമെന്നാണ് അറിയപ്പെടുന്നത്. ഒരു കാലത്ത് പുരാനാ കിലയുടെ ചുറ്റുമുണ്ടായിരുന്ന കിടങ്ങുകള്‍ സമീപത്തുകൂടെ ഒഴുകുന്ന നദിയുമായി ബന്ധിക്കപ്പെട്ടിരുന്നു. തലാഖി ദര്‍വാസയുടെ താത്തെ നില വെള്ളത്തിന് അടിയിലായിരുന്നുവെന്നാണ് വിശ്വസിക്കപ്പെടുന്നത്. അതു ശരിയാണെങ്കില്‍ രണ്ടു നിലയുള്ള നിര്‍മിതിയുടെ മുകളിലത്തെ നിലയിലൂടെ ഉയര്ത്തുപാലത്തിലൂടെയായിരിക്കണം അകത്തുപ്രവേശിച്ചിരുന്നത്.
തലാഖി ദര്വാസയെക്കുറിച്ചുള്ള മറ്റൊരു കഥ ഇങ്ങനെയാണ്. ഒരു രാജ്ഞി അവരുടെ രാജാവ് യുദ്ധത്തിനു പോയതിനു ശേഷമെടുത്ത ശപഥത്തെച്ചൊല്ലിയാണ്. രാജാവ് യുദ്ധത്തില്‍ വിജയിച്ചു തീരുന്നതുവരെ കവാടം അടഞ്ഞുകിടക്കുമെന്ന് രാജ്ഞി ശപഥമെടുത്തെങ്കിലും രാജാവ് തിരിച്ചുവന്നില്ല. യുദ്ധക്കളത്തില്‍ കൊല്ലപ്പെട്ട രാജാവ് പുരാനാ കിലയിലെ ഈ അടഞ്ഞ കവാടത്തിനും കാരണമായി. ആ നാടോടിക്കഥ ഒരു സത്യമാണെന്നു തോന്നിക്കും വിധം തലാഖി ദര്‍വാസയുടെ വാതില്‍ ഇപ്പോഴും അടഞ്ഞു കിടക്കുകയാണ്.
വില തുച്ഛം; കാഴ്ചകള്‍ മെച്ചം
ഡല്‍ഹി കാണാന്‍ വരുന്ന സഞ്ചാരികള്‍ ഒരിക്കലും നഷ്ടപ്പെടുത്താൻ പാടില്ലാത്ത ട്രാവല്‍ ഡെസ്റ്റിനേഷനാണ് പുരാനാ കില. പ്രവേശനകവാടത്തിനരികെ ഒരു തടാകവും അവിടെനിന്നുള്ള തകര്‍ന്ന കോട്ടമതിലിന്റെ കാഴ്ചകളും പുരാനാ കിലയുടെ മാറ്റ് കൂട്ടുന്നു. 25 രൂപയാണ് ഒരു ടിക്കറ്റിന്.
ഡല്‍ഹിയിലെത്തുന്ന സഞ്ചാരികള്‍ കാണാന്‍ രേഖപ്പെടുത്തുന്ന സ്ഥലങ്ങളുടെ പേരുകളില്‍ പലപ്പോഴും പുരാനാ കിലയില്ലെങ്കിലും അഞ്ഞൂറ് വര്‍ഷത്തെ ചരിത്രത്തിന്റെ മനോഹര അവശേഷിപ്പുകള്‍ ഒന്നു കണ്ടുനോക്കാവുന്നതാണ്. കടുവയും സിംഹവും റൈനോയും ഹിപ്പോയുമുള്പ്പെടെ മൃഗങ്ങള്‍ വിഹരിക്കുന്ന നാഷണല്‍ സൂവോളജിക്കല്‍ പാര്‍ക്ക് കോട്ടമതിലിന് സമീപമാണ്.